KOYILANDY DIARY

The Perfect News Portal

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവർകൂർ ജനറൽ മാനേജരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണം വി. എസ്.

തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ പ്രതികാര ബുദ്ധിയോടെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി അപലപനീയമാണെന്നും, സ്ഥലംമാറ്റം റദ്ദ് ചെയ്ത് അദ്ദേഹത്തെ തിരുവനന്തപുരത്തു തന്നെ നിലനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും അസോസിയേറ്റ് ബാങ്കുകളെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ ബാങ്ക് ജീവനക്കാര്‍ ശക്തിയായി എതിര്‍ത്തുവരികയാണ്. വേണ്ടത്ര അവധാനതയോടെ, ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്തേണ്ട ഗൌരവമേറിയ കാര്യമാണിത്. എന്നാല്‍, എതിര്‍പ്പുന്നയിക്കുന്ന സംഘടനാ നേതാക്കളെ വൈരാഗ്യബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ് സ്റ്റേറ്റ് ബാങ്ക് മേധാവികള്‍ തുനിയുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ സീനിയര്‍ ജനറല്‍ മാനേജര്‍ ആദികേശവനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി.

ബാങ്കുകളുടെ ലയനം ബാങ്ക് ജീവനക്കാരുടെ അതിജീവനത്തിന്റെ മാത്രം പ്രശ്നമല്ല. ആഗോള മൂലധന ശക്തികളുടെ പിന്‍വാതില്‍ പ്രവേശനത്തിനുള്ള പഴുതുകളില്‍ ഒന്നു മാത്രമാണിത്. ഇത്തരം നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായിത്തന്നെ യോജിച്ച പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തിവരികയാണ്. അടുത്ത മാസം രണ്ടിന് നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കും ഈ പശ്ചാത്തലത്തിലാണ്.

Advertisements