KOYILANDY DIARY.COM

The Perfect News Portal

സാഗര നീലിമ ഡിസംബർ 27 മുതൽ ആരംഭിക്കും

ചേമഞ്ചേരി: പൂക്കാട് കലാലയത്തിലെ ചുമർച്ചിത്ര വിഭാഗം അദ്ധ്യാപകൻ സതീഷ് തായാട്ടിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒരുക്കുന്ന ചുമർച്ചിത്ര പ്രദർശനമാണ് സാഗര നീലിമ. 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 3 വരെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിലാണ് പരിപാടികൾ. കലാലയം ചുമർച്ചിത്ര വിഭാഗത്തിലെ 26 കലാകാരന്മാരാണ് സാഗര നീലിമയ്ക്ക് വർണ്ണം ചാലിക്കുന്നത്. സാമ്പ്രദായിക ചുമർചിത്ര ശൈലിയുടെ വിഷയ സ്വീകരണത്തിലുള്ള അതിരുകളും പരിമിതികളും ഭേദിച്ചാണ് ഈ ചിത്രകാരക്കൂട്ടം ചിത്രമൊരുക്കുന്നത്. ധ്യാന ശ്ലോകമനുസരിച്ച് ദേവീദേവന്മാരുടെ ചിത്രങ്ങളും പുരാണ കഥാ സന്ദർഭങ്ങളും ചിത്രീകരിക്കുന്ന കേരളീയ ചുമർച്ചിത്ര കലാശൈലിയുടെ പതിവു രീതികൾ സാഗരനീലിമ ലംഘിക്കുന്നു.

പകരം കടലും കടപ്പുറവും അവിടത്തെ ജൈവികതയും ജീവിതവും നാട്ടുകഥകളും മിത്തുകളും വിശ്വാസങ്ങളും കാഴ്ചകളും ചിത്ര രചനയ്ക്കുള്ള വിഷയമാവുന്നു. എന്നാൽ കേരളീയ ചുമർച്ചിത്ര ശൈലിയിൽ ഒട്ടിനിന്നു തന്നെ. ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകളും പരിശീലനങ്ങളുമാണ്  സാഗരനീലിമയ്ക്ക് പിറകിലുളളത്. സതീഷ് തായാട്ട്, യു.കെ രാഘവൻ, സുരേഷ് ഉണ്ണി, ഏ.കെ. രമേശ് തുടങ്ങിയ ചിത്രകാരന്മാരുടെ നിർദ്ദേശങ്ങളും സാഗര നീലിമയ്ക്ക് കരുത്തായുണ്ട്. കലാലയവും ചിത്രവിഭാഗവും പ്രദർശനത്തിനും സംഘാടനത്തിനും ഒപ്പമുണ്ട്. ഗുരുവായൂരിലെ ദേശീയ ചുമർച്ചിത്ര പഠനകേന്ദ്രത്തിലെ പ്രിൻസിപ്പാളും ചിത്രകാരനുമായ കെ.യു. കൃഷ്ണകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *