ചെങ്ങന്നൂരിൽ LDF വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; ഏതെങ്കിലും പാര്‍ടിയുടെ വോട്ട് വേണ്ടായെന്ന് തീരുമാനിക്കേണ്ടത് LDF ആണ്: കോടിയേരി

കണ്ണൂര്‍ : ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ബൂത്ത്തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അമ്പത് ശതമാനത്തിലധികം പ്രവര്‍ത്തനം ഇതിനകം മുന്നോട്ടുപോയി. വന്‍ ഭൂരിപക്ഷഗത്താടെ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്ന രാഷ്ട്രിയ മുദ്രാവാക്യവുമായാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. രണ്ട് മുന്നണികളെയും തോല്‍പിച്ചുകൊണ്ടുള്ള. വമ്പിച്ച വിജയം എല്‍ഡിഎഫ് നേടും.
സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ എല്‍ഡിഎഫിന് അനുകൂലമായിരുന്നു കഴിഞ്ഞ ഒരോ ഉപതെരഞ്ഞടുപ്പുകളിലെയും ഫലം. മലപ്പുറത്ത് ഒരു ലക്ഷത്തിലധികം വോട്ട് വര്‍ധിച്ചു. വേങ്ങരയിലും വലിയ തോതില്‍ വോട്ട് വര്‍ധിച്ചു. വിജയം മാത്രമല്ല ഭൂരിപക്ഷത്തിലും വന്‍ വര്‍ധനയാണുണ്ടാവുന്നത്.

തെരഞ്ഞെടുപ്പില്‍ ഒരാളുടെ വോട്ടും വേണ്ടയെന്ന് പറയില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന്അദ്ദേഹം പറഞ്ഞു. ബിജെപിക്കും യുഡിഎഫിനും എതിരായ വോട്ട് വാങ്ങണമെന്നാണ് എല്‍ഡിഎഫ് നയം. യുഡിഎഫിനോട്അസംതൃപ്തിയുള്ള എല്ലാവരുടെയും വോട്ട് വാങ്ങണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിനോട് അസംതൃപ്തിയുണ്ടെങ്കില്‍ അവര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം. ഏതെങ്കിലും പാര്‍ടിയുടെ വോട്ട് വേണ്ടായെന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷത്തെ ഏതെങ്കിലും ഘടകകക്ഷിയല്ല. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയായ രീതിയല്ല. കോടിയേരി പറഞ്ഞു.

