കടലില്‍ മുങ്ങിമരിച്ച മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം പ്രഖ്യാപിച്ചില്ല. പ്രതിഷേധം വ്യാപകം

കൊയിലാണ്ടി > കഴിഞ്ഞ മാസം മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ല. നവംബര്‍ 28നായിരുന്നു കാട്ടിലപ്പീടിക കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ രാജീവനും സഹദേവനും മത്സ്യതൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മുങ്ങി മരിച്ചത്. സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാത്തത് തീരദേശ മേഖലയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നവംബര്‍ 28ന് മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികള്‍ മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കോരപ്പുഴ, അരീക്കല്‍ കടപ്പുറത്ത് വച്ച് വളളം മറിയുകയായിരുന്നു. ഒറീസ സ്വദേശികളായ മറ്റ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം കാണാതായ സഹദേവനെ രക്ഷിക്കാനായി രാജീവന് വീണ്ടും കടലിലേക്ക് ചാടുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ഇരുവരും മരണപ്പെട്ടത്. തുടര്‍ന്ന് മത്സ്യതൊഴിലാളികളുടെ വീട് ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കുകയും ഇരുകുടുംബങ്ങള്‍ക്കും അടുത്ത മന്ത്രി സഭയോഗത്തില്‍ ധനസഹായം പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നല്‍കുകയും ഉണ്ടായി. തുടര്‍ന്ന് കെ.ദാസന് എം.എല്‍. എ. യും മറ്റ് ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചതിന് ശേഷം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെയായി നിരവധി മന്തിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും ഇവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ യാതൊരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്.
