എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു

ഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു. ദസ് ഉള് ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥി ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. മദ്രസക്ക് അവധിയായതിനാല്‍ ഒപ്പമുള്ള കുട്ടികളുമൊത്ത് കളിക്കുകയായിരുന്ന അസീമിനെ പുറത്തുനിന്ന് വന്ന കുറച്ച് കുട്ടികള്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ സൈക്കിള്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതോടെ അസീം ബോധരഹിതനായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് കുട്ടികളുടെ കെയര്‍ടേക്കര്‍ പറഞ്ഞു. അസീമിന് നേരെ കല്ലെറിയുകയും പടക്കം പൊട്ടിച്ചെറിയുകയും ചെയ്തിട്ടുണ്ട്.

എട്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 1968 മുതല്‍ പ്രവര്‍ത്തിക്കുന്ന മദ്രസയാണിത്. മദ്രസയുടെ ഭൂമി സ്വന്തമാക്കാനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. നേരത്തെയും മദ്രസക്ക് നേരെ അക്രമമുണ്ടായിട്ടുണ്ട്. അന്ന് പൊലീസ് ശക്തമായ നടപടി എടുക്കാത്തതാണ് വീണ്ടും ആക്രമണം ിണ്ടാകാനുള്ള കാരണമെന്ന് മദ്രസ പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം, സംഭവസ്ഥലം സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. സ്ഥിരമായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ 15ഒാളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

