KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ മന്ത്രി ജില്ലയിലെ എം.പി, എം.എൽ.എ. മാരുടെ യോഗം വിളിച്ചു ചേർത്തു

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുറച്ച്‌ ജില്ലയിലെ എംപി, എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍നിന്നും ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിച്ചത്. ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു.

വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും. വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യും. ഇവയുടെ ആവാസ വ്യവസ്ഥക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഹൗസ് സര്‍വെയ്ലന്‍സ് ആരംഭിച്ചു. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

Advertisements

എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതതു മണ്ഡലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ബന്ധപ്പെട്ട എംഎല്‍എമാര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളിലെ ആശങ്ക അകറ്റുന്നതിന് നേതൃത്വപരമായ പങ്ക് ഉണ്ടാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും എം.കെ.രാഘവന്‍ എംപി പറഞ്ഞു. ആരോഗ്യ മന്ത്രി മുന്‍കൈയെടുത്ത് ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജനപ്രതിനിധികള്‍, പോലീസ്, യുവജനങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാന പ്രതിനിധികള്‍ എന്നിവരുമായി ചേര്‍ന്ന് സേന രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നത് തടയണമെന്ന് ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്നും ഇ.കെ വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഔദ്യോഗിക വിവരങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി പുഴയോരത്തെ വലിയ രീതിയിലുള്ള വവ്വാലുകളുടെ കൂട്ടം ജനജീവിതത്തിന് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

നടപ്പില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് എല്ലാം ഏകീകരണ രൂപം നല്‍കണമെന്ന് പി.ടി.എ.റഹീം എം.എല്‍.എ പറഞ്ഞു. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എംഎല്‍എ പറഞ്ഞു. സുരക്ഷാക്രമീകരണാര്‍ത്ഥം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മാറ്റുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എം.കെ.രാഘവന്‍ എംപി, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *