ആരോഗ്യ ഇൻഷുറൻസ് എടുക്കാനെത്തിയവർക്ക് ദുരിതം

കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എത്താൻ അറിയിപ്പ് ലഭിച്ചത്. ഇത് പ്രകാരം അതിരാവിലെ തന്നെ സ്കൂളിൽ എത്തിയവരാണ് ക്യൂ നിന്ന് വലഞ്ഞത്.
ടോക്കൺ സംവിധാനം ഏർപ്പെടുത്തിയതാണ് ഏറെ ബുദ്ധിമുട്ടായത്. 5 പേർക്കാണ് ആദ്യം ടോക്കൺ കൊടുത്തത്. ഇതു
കഴിഞ്ഞതിനു ശേഷമാണ് വീണ്ടും ടോക്കൺ കൊടുക്കുക. അത് തന്നെ ഏറെ വൈകിയാണ് നൽകിയത്. നേരത്തെ ആരോഗ്യ ഇൻഷുറൻസ് എടുത്ത് പുതുക്കാത്തവർക്കും ഇവിടെ നിന്നും പുതുക്കി നൽകിയതും പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാനെത്തിയവർക്ക് വിനയായി.

ആകെ അഞ്ച് സിസ്റ്റമാണുണ്ടായിരുന്നത്. പലപ്പോഴും മുഴുവനും പ്രവർത്തിച്ചിരുന്നില്ല. മാത്രമല്ല ജനങ്ങൾക്ക് വെയിൽ കൊള്ളാതിരിക്കാൻ പന്തലോ, കുടിവെള്ള സംവിധാനമോ ചെയ്തിരുന്നില്ല. 339 പേർക്ക് പുതുതായി കാർഡ് കൊടുക്കാൻ അധിക സമയം വേണ്ടന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ജനങ്ങളെ കഷ്ടപ്പെടുത്തിയത്.

