KOYILANDY DIARY.COM

The Perfect News Portal

വില്ലേജ് ജീവനക്കാർ ബി.എൽ.ഒ. ഡ്യൂട്ടി കൂടി ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ

വില്ലേജ് ജീവനക്കാർ ബി.എൽ.ഒ. ഡ്യൂട്ടി കൂടി ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ വിശദീകരണ യോഗം നടത്തി. ജില്ല പ്രസിഡണ്ട്  കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് ലെവൽ ഓഫീസർമാരുടെ മുടങ്ങികിടക്കുന്ന ഇലക്ഷൻ പ്രവൃത്തികൾ വില്ലേജ് ജീവനക്കാർ നിർവ്വഹിക്കണമെന്ന റവന്യു അധികാരികളുടെ ഉത്തരവാണ് വിവാദമാകുന്നത്..
ഓരോ ബൂത്തിലെയും  വോട്ടർമാരുടെ വീട് കയറിയുള്ള വിവരശേഖരണം നിർവ്വഹിക്കാൻ നിലവിൽ ബൂത്ത് ലെവൽ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജില്ലയിൽ വിവരശേഖരണം മന്ദഗതിയിലായതിനാൽ അടിയന്തിര നടപടികൾ സ്വീകരിച്ച് സർവ്വെ പ്രവർത്തനം പൂർത്തീകരിക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തഹസിൽദാർമാർ ഉത്തരവിറക്കിയത്.
വില്ലേജിലെ ജോലി ഭാരത്തിന് പുറമെ ബി.എൽ.ഒ.മാരുടെ അധിക ജോലി കൂടി ചെയ്യാനുള്ള ഉത്തരവിനെതിരെ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. വിരമിച്ച ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും അംഗൻവാടി പ്രവർത്തകരെയും ബി.എൽ.ഒ.ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നിലവിലുള്ള പ്രതിസന്ധിക്ക് തുടക്കമായത്.
സർക്കാർ ജീവനക്കാരെ തന്നെ ബി.എൽ.ഒ.മാരായി നിയമിക്കണമെന്ന ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാൻ ഏറെ പ്രയാസപ്പെടുകയാണ് റവന്യു വകുപ്പ്. നിലവിൽ ഓഫീസ് ജോലിക്ക് പുറമെ ബി.എൽ.ഒ. ഡ്യൂട്ടി കൂടി നിർവ്വഹിക്കുന്ന ജീവനക്കാർക്ക് നാമമാത്രമായ ഹോണറേറിയമാണ് നൽകുന്നതെന്നും വീട് കയറിയുള്ള സർവ്വെ പോലുള്ള പ്രവർത്തികൾക്ക് പ്രത്യേക പ്രതിഫലം നൽകണമെന്നും ബി.എൽ.ഒ.മാർ ആവശ്യം ഉന്നയിക്കുന്നുണ്ട്.
യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ്, ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ്, സെക്രട്ടറി പ്രദീപ് സായ് വേൽ തുടങ്ങിയവർ സംസാരിച്ചു.
Share news