KOYILANDY DIARY

The Perfect News Portal

അപ്രതീക്ഷിത കടൽക്ഷോഭം.വള്ളങ്ങൾ തകർന്നു

അപ്രതീക്ഷിത കടൽക്ഷോഭം. വള്ളങ്ങൾ തകർന്നു. വടകര: മീത്തലങ്ങാടി, മുകച്ചേരി, പയ്യോളി കോട്ടക്കടപ്പുറം എന്നിവിടങ്ങളിലാണ് അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

മുകച്ചേരി തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ഫൈബര്‍ വള്ളങ്ങൾ തകര്‍ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയാണ് വള്ളങ്ങൾ തകർന്നത്. മുഹമ്മദ് ചേരൻ, അഫ്സൽ കോട്ടക്കൽ, റിയാസ് എടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മീത്തലങ്ങാടി ബീച്ചിൽ രണ്ട് തോണികൾ കടലെടുത്ത് തകർന്നു. ഇവ പിന്നീട് കരക്കടിയുകയായിരുന്നു. പത്തിലധികം തോണികൾ മണ്ണിൽ പൂണ്ടു. കാലാവസ്ഥ മോശമല്ലാത്തതിനാൽ തോണികളെല്ലാം കടലിനോട് ചേർന്ന് കയറ്റി വെച്ചിരിക്കുകയായിരുന്നു.

Advertisements

വള്ളങ്ങൾ തകർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം വഴിമുട്ടിയ അവസ്ഥയിലാണ്. നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമുയരുന്നുണ്ട്.