KOYILANDY DIARY.COM

The Perfect News Portal

ബൈക്കിലെത്തിയ മോഷ്ടാവ് ആറുവയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്തു

ബൈക്കിലെത്തിയ മോഷ്ടാവ് ആറു വയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്തു. താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീൻ്റെയും തസ്നിയുടെയും മകൾ ആയിഷയുടെ കൈയിലുണ്ടായിരുന്ന മുക്കാൽപ്പവൻ തൂക്കംവരുന്ന സ്വർണവളയാണ് മുറിച്ചെടുത്തത്.

മദ്രസയിൽ പോയി മടങ്ങുകയായിരുന്ന ആയിഷയോട് ചമൽ റോഡിലേക്കുള്ള ഭാഗത്തെ വളവിൽ അങ്കണവാടിക്കരികിൽ വെച്ച് ബൈക്കിലെത്തിയ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെൽമെറ്റിൻ്റെ ഗ്ലാസ് ഉയർത്തി സംസാരിക്കുകയായിരുന്നു. ‘മോളേ ഈ വള ഞാൻ എടുക്കുകയാണ്, വിൽക്കാൻ വേണ്ടിയാണ്’ എന്നു പറഞ്ഞ് കൈയിൽപ്പിടിച്ച് ആദ്യം വള ഊരിയെടുക്കാൻ ശ്രമിച്ചതായും, വള ഊരാൻ സാധിക്കാതെ വന്നതോടെ കത്രികപോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നുവെന്നും ആയിഷ മാതാപിതാക്കളോട് പറഞ്ഞു.

ഈ സമയം മദ്രസയിൽനിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു. ബാലിക വീട്ടിലെത്തി “ഒരു ഇക്കാക്ക വന്ന് വള വിൽക്കാൻ കൊണ്ടുപോയി” എന്ന് അറിയിച്ചതോടെയാണ് വീട്ടുകാർ കാര്യമറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisements
Share news