KOYILANDY DIARY.COM

The Perfect News Portal

കടുവയുടെ സാന്നിധ്യം; സ്പെഷ്യല്‍ സ്‌ക്വാഡ്‌ സജ്ജം– മന്ത്രി എ കെ ശശീന്ദ്രൻ

റാന്നി:കടുവയുടെ സാന്നിധ്യം. സ്പെഷ്യല്‍ സ്‌ക്വാഡ്‌ സജ്ജമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. കടുവയുടെ സാന്നിധ്യമുള്ളിടങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങള്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷനില്‍ പുതിയതായി നിര്‍മിച്ച രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും.
ജനങ്ങളുടെ പരാതികള്‍ സഹായാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ആളുകള്‍ ഫോണ്‍ ചെയ്യുമ്പോൾ സമയം നോക്കാതെ അറ്റന്‍ഡ് ചെയ്യണം. വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകര്‍മ സേനയെ പോലെ പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. റാന്നിയിലെ ആകെയുള്ള ഒന്‍പത് സ്റ്റേഷനുകളില്‍ ആറെണ്ണം നവീകരിച്ചു. ബാക്കിയുള്ളവയുടെ നവീകരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ്‌ ഗോപി, വൈസ് പ്രസിഡണ്ട് പി എസ്  സുജ, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എസ്  മോഹനന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ കൊല്ലം  ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി കെ ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍കോറി തുടങ്ങിയവര്‍ പങ്കെടുത്തു.
Share news