KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേല്പാത്തിനടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിതുടങ്ങി

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നവർ സൂക്ഷിക്കുക.. കൊയിലാണ്ടി പട്ടണത്തിൽ വിവധ കേന്ദ്രങ്ങളിൽ CCTV വരുന്നു. നഗരസഭാ ക്ലീൻ & ഗ്രീൻ സിറ്റിയുടെ ഭാഗമായി മേല്പാത്തിനടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിതുടങ്ങി. വർഷങ്ങളായി കൂടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമാണ് നീക്കി തുടങ്ങിയത്. നഗരസഭാ ശുചീകരണ  ജീവനക്കാരും, ഹരിത കർമ്മസേന പ്രവർത്തകരുമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഹരിത കർമ്മ സേനയുടെ തൊഴിൽ ദിനത്തിൻ്റെ ഭാഗമായാണ് മാലിന്യങ്ങൾ നീക്കുന്നത്.
ഇതുവരെയായി 140 ഓളം ചാക്ക് അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു കഴിഞ്ഞു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും, കവലകളിലും, പ്ലാസ്റ്റിക് മാലിന്യങ്ങളും, ജൈവ മാലിന്യങ്ങളും, ശുചി മുറി മാലിന്യങ്ങൾ അടക്കം നിക്ഷേപിച്ച് മുങ്ങുന്നത് പതിവായിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നഗരസഭാ എച്ച്.ഐ.മാരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് രൂപീകരിച്ച് നഗരത്തിൽ പെട്രോളിംഗ് നടത്തും. സ്ഥിരം കാവലിനായി ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി. സുരേഷ്, കെ റിഷാദ്, എൽ. ലിജോയ്, ജമീഷ് മുഹമ്മദ്, വിജിന, ഷീബ ടി.കെ എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവൻ സമയ സ്ക്വാഡ് രൂപീകരിച്ചത്. നഗരസഭാ വൈസ്ചെയർമാൻ, കെ. സത്യൻ, കൗൺസിലർ എ, ലളിതയും മാലിന്യ നിക്ഷേപ കേന്ദ്രമായ സ്ഥലത്ത് സന്ദർശനം നടത്തി.
എല്ലാ ബുധനാഴ്ചകളിലും കൊയിലാണ്ടി നഗരത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. മുഴുവൻ കച്ചവടക്കാരും ഹരിത കർമ്മ സേനയ്ക്ക് അജൈവ പാഴ് വസ്തുക്കൾ നൽകണമെന്നും, വരും ദിവസങ്ങളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി. സ്ഥാപിച്ച് നിരീക്ഷണം നടത്തി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭാ വൈസ് ചെയർമാൻ, കെ. സത്യൻ പറഞ്ഞു.
Share news