KOYILANDY DIARY

The Perfect News Portal

കൈരളി റേഡിയോ ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തക സംഗമം

ഓർമ്മകളിലെ കൈരളിക്കാലത്തിലേക്ക് തിരിച്ചു നടത്തിയ സമാഗമം.. മേപ്പയൂർ: അര നൂറ്റാണ്ട് മുമ്പ് രൂപീകരിച്ച കുട്ടികളുടെ കലാസാംസ്കാരിക സംഘടനയായ കൈരളി റേഡിയോ ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തക സംഗമവും സ്ഥാപക രക്ഷാധികാരികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. കലാതല്പരരായ കുട്ടികൾക്ക് ഇന്നത്തെപ്പോലെ അവസരങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് ആകാശവാണിയിൽ ബാലലോകം, ശിശുലോകം, യുവവാണി പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാക്കിത്തന്ന സംഘടനയെ ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ കഴിയുന്ന പഴയ പ്രവർത്തകർ ഇന്നും ആവേശത്തോടെ നെഞ്ചേറ്റുന്നു. പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും ഗുരുനാഥന്മാരെ ആദരിച്ചും സംഗമം അവിസ്മരണീയമാക്കി.
 മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. സി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമ ഗുരു ചേമഞ്ചേരി ദേശീയ പുരസ്കാര ജേതാവ് ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന് കെ ടി രാജൻ ഉപഹാരം നൽകി. സ്ഥാപക രക്ഷാധികാരികളായ ആർ കെ മാധവൻ, ആർ കെ ഇരവിൽ എന്നിവർക്കുള്ള ഉപഹാരം ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ, എം എം കരുണാകരൻ, കെ വി ആനന്ദൻ, ആനന്ദ് കിഷോർ, ബി വിനോദ് കുമാർ, കെ എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.