KOYILANDY DIARY.COM

The Perfect News Portal

കൂട്‌ മത്സ്യകൃഷിയിലൂടെ കല്ലുമ്മക്കായ വിളയിക്കാനൊരുങ്ങുകയാണ് അകലാപ്പുഴക്കാർ

കൂട്‌ മത്സ്യകൃഷിയിലൂടെ കല്ലുമ്മക്കായ വിളയിക്കാനൊരുങ്ങുകയാണ് അകലാപ്പുഴക്കാർ..  കൂട്‌ മത്സ്യകൃഷി ഹിറ്റായതോടെയാണ്‌ മൂടാടി പഞ്ചായത്ത്‌ മറ്റൊരു പദ്ധതികൂടി പരിചയപ്പെടുത്തുന്നത്‌. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഉപ്പുവെള്ളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി കൂട്‌ കൃഷിയുമായി സംയോജിപ്പിച്ചാണ്‌ കല്ലുമ്മക്കായ വളർത്തൽ.
മത്സ്യവും കല്ലുമ്മക്കായയും നിശ്‌ചിത അനുപാതത്തിൽ ഇടകലർത്തി ചെയ്യുന്ന കൃഷിരീതിയാണ്‌ പരീക്ഷിക്കുക. കൂട്‌ കൃഷിയുടെ പരിചരണം പ്രയോജനപ്പെടുത്തി കൂടിനുപുറത്ത്‌ പുഴവെള്ളത്തിൽ കല്ലുമ്മക്കായ വളർത്തും. കൂട്ടിലെ മത്സ്യത്തിന്റെ വിസർജ്യവും മറ്റ്‌ ജൈവവശിഷ്ടവും ഉപയോഗപ്പെടുത്തിയാണ്‌ കല്ലുമ്മക്കായ വളരുന്നത്‌. പോഷക പുനരുപയോഗത്തിലൂടെ പുഴമലിനികരണവും കുറക്കാനാകുമെന്നാണ്‌ സമുദ്രഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണം.
കടലിൽനിന്ന്‌ ശേഖരിച്ച മൂവായിരം കല്ലുമ്മക്കായ വിത്ത്‌ പരീക്ഷണാടിസ്ഥാനത്തിൽ അകലാപ്പുഴയിൽ നിക്ഷേപിച്ചു. ഉപ്പിന്റെ സാന്നിധ്യം വർധിക്കുന്നതോടെ രണ്ടാംഘട്ടത്തിൽ അയ്യായിരം വിത്ത്‌ വീണ്ടും നിക്ഷേപിക്കും. കടലിലെ പാറയിടുക്കിലും മറ്റും സമൃദ്ധമായി വളരുന്ന കല്ലുമ്മക്കായ ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ വിജയകരമായി വളർത്തുന്നുണ്ട്‌. പുഴയിൽ നേരിട്ട്‌ കൃഷി പരീക്ഷിക്കുന്നത്‌ ഇതാദ്യമാണ്‌. അകലാപ്പുഴയിൽ കല്ലുമ്മക്കായ കൃഷി വിജയകരമായി നടപ്പാക്കാമെന്ന്‌ സമുദ്രഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു.
വരും വർഷങ്ങളിൽ കല്ലുമ്മക്കായ കൃഷിക്കും ഫണ്ട്‌ വകയിരുത്തുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാർ പറഞ്ഞു. മൂടാടിയിൽ 75 കർഷക ഗ്രൂപ്പുകൾ കൂട്‌ മത്സ്യകൃഷി നടത്തുന്നുണ്ട്‌. പിവിസി പൈപ്പ്‌ ചട്ടക്കൂടിൽ വലവിരിച്ചാണ്‌ കൂട്‌ തയ്യാറാക്കുന്നത്‌. കണ്ണിക്കൻ, കാളാഞ്ചി, ചിത്രലാട എന്നീ ഇനങ്ങളാണ്‌ ലാഭകരമായി മൂടാടിയിൽ കൃഷിയിറക്കുന്നത്‌. ഈ ഗ്രൂപ്പുകളെ കല്ലുമ്മക്കായ കൃഷിക്കും പ്രയോജനപ്പെടുത്തും.
സമുദ്രഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ്‌ ഡോ. കെ വിനോദിന്റെ നേതൃത്വത്തിൽ കൃഷിയിട പരിശീലനം സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്‌ഘാടനംചെയ്‌തു. ഡോ. എം ടി ഷിൽറ്റ, ഡോ. രമ്യ അഭിഭിത്ത്‌, എം വിജിഷ, എം അജിത്ത്‌, വി രാജേന്ദ്രൻ എന്നിവർ പരിശീലനം നയിച്ചു.
Share news