KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.

വടകര: നാദാപുരം മേഖലയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 33 ആയി ഉയർന്നു. തിങ്കളാഴ്ച പഞ്ചായത്തിൽ ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാദാപുരം – 23, പുറമേരി – 2, വളയം – 1, നരിപ്പറ്റ – 2, കാവിലുംപാറ – 1, മരുതോങ്കര – 2, കുറ്റ്യാടി – 1, വാണിമേൽ – 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മരുതോങ്കരയിൽ 10 മാസം പ്രായമായ കുട്ടിക്കും അസുഖം ബാധിച്ചിട്ടുണ്ട്.  നാദാപുരത്ത് 6, 7, 19 വാർഡുകളിലാണ് ആദ്യദിനങ്ങളിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും ഇപ്പോൾ എട്ട്‌ പഞ്ചായത്തുകളിൽ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സീൻ നൽകുന്നതിനായി ഡോർ ടു ഡോർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി തിങ്കളാഴ്ച നാല്‌ ‌കുട്ടികൾക്ക്‌ വാക്സീൻ നൽകി. 340 പേർ നാദാപുരത്ത് വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഇതിൽ 70 പേർ മാത്രമാണ് ഇപ്പോഴും കുത്തിവെപ്പ് എടുത്തിട്ടുള്ളു. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന വി​മു​ഖ​ത പ്ര​തി​രോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നുണ്ട്.
Advertisements
നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീലയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ 350 ലേറെ വീടുകളിൽ ബോധവൽക്കണം നടത്തി. ചൊവ്വാഴ്ച ചിയ്യൂരിലും ചേലക്കാട് പൗർണമിയിലും വാക്സിനേഷൻ ക്യാമ്പ് നടത്തുന്നുണ്ട്. നാദാപുരം പഞ്ചായത്തിലെ ഖതീബുമാർ, മഹല്ല്‌ പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവർ ബുധനാഴ്ച പകൽ മൂന്നിന്‌ പഞ്ചായത്ത് ഹാളിൽ യോഗം ചേരും.