സംസ്ഥാനത്ത് റെക്കോഡ് പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; 25 സ്ഥാപനം അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോഡ് പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 1470 സ്ഥാപനത്തിന് നോട്ടീസ് നൽകി. ഗുരുതര നിയമ ലംഘനം നടത്തിയ 25 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിച്ചു. ബുധൻ പകൽ മൂന്നുമുതൽ രാത്രി 10.30 വരെയായിരുന്നു പരിശോധന.

132 സ്‌പെഷ്യൽ സ്‌ക്വാഡ് ആയിരത്തഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകളിലും ഷവർമ അടക്കമുള്ളവ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമായിരുന്നു മിന്നൽ പരിശോധന. 385 ഷവർമ സ്ഥാപനത്തിൽ പരിശോധന നടത്തി.


ജില്ലാ, മേഖലാ, സംസ്ഥാനതലത്തിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കിയാണ് പരിശോധന ഏകോപിപ്പിച്ചത്. എറണാകുളം ജില്ലയിൽ 287 ഇടങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ പൂർണമായി ഒഴിവാക്കാനും ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്താനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ കമീഷണർ വി ആർ വിനോദ്, ജോ. കമീഷണർ ജേക്കബ് തോമസ് എന്നിവർ നേതൃത്വം നൽകി.

