തോരായി കടവ് പാലം നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

അത്തോളി പഞ്ചായത്തിനെയും കൊയിലാണ്ടിയേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം നിർമ്മാണം ആരംഭിച്ചു. 31ന് മന്ത്രി മുഹമ്മദ് റിയാസ് പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 23.82 കോടി ചിലവഴിച്ച് കിഫ്ബിയുടെ ധനസഹായത്തോടെണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എം.എൽ.എ. കാനത്തിൽ ജമീല പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിയന്ത്രണത്തിലുള്ള കേരള റോഡ് ഫണ്ട് യൂണിറ്റിനാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല.
263 മീറ്റർ നീളവും 11 മീറ്റർ വീതിയിലും ആണ് പാലം നിർമ്മിക്കുക. പാലത്തിന്റെ നടുക്ക് ജല യാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും, ഏറ്റവും ഉയരമേറിയ ജലവിതാനത്തിൽ നിന്നും 6 മീറ്റർ ഉയരത്തിലുമായാണ് നിർമ്മാണം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് എം.എൽ.എ. പറഞ്ഞു.

അകലാ പുഴക്ക് കുറുകെ അത്തോളി പഞ്ചായത്തിനെയും ചെങ്ങോട്ടുകാവ് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. 18 മാസമാണ് പാലത്തിൻറെ നിർമ്മാണ കാലയളവ്. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
