KOYILANDY DIARY.COM

The Perfect News Portal

ഭാര്യയ്ക്കൊപ്പം പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഭാര്യയ്ക്കൊപ്പം പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്ത് നിന്നും ഉച്ചയ്ക്കു 2.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്നിരക്ഷാനിലയം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെയാണ് നദിയിൽ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണു ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിൽ നിന്നു പുഴയിൽ ചാടിയത്. ഇരുവരും പാലത്തിൽനിന്നു ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ച വർഷ രക്ഷപ്പെട്ടു.
പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചു കിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വർഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല.
Share news