കൗമാരക്കാർക്ക് ഇൻസ്റ്റ, ഫേസ്ബുക്ക് ഉപയോഗം ഇനി ദിവസം രണ്ട് മണിക്കൂർ മാത്രം: കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ
.
18 വയസിന് താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ. പ്രതിദിനം ഇനി രണ്ട് മണിക്കൂർ മാത്രം ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക. അടുത്ത ആറു മാസത്തിനകത്ത് അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുക.

അമേരിക്കയിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് ഈ നീക്കം. ഇതുകൂടാതെ, രാത്രി സമയങ്ങളിൽ കൗമാരക്കാർക്ക് ആപ്പുകൾ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയാണ് വിലക്കേർപ്പെടുത്തുക. സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനും മെറ്റ നിയന്ത്രണമേർപ്പെടുത്തും. രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെയായിരിക്കും ഇത്.

കൗമാരക്കാർ എന്തു കാണണം എന്നുള്ളത് നിയന്ത്രിക്കാനും ഇനി സാധിക്കും. ആദ്യമായി ഉപയോഗിക്കുമ്പോൾ ഓട്ടോപ്ലേ ഓഫ് ചെയ്തുവെക്കാം. ഇത് അനാവശ്യ കണ്ടന്റുകൾ ഇവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ആപ്പുകളിൽ വരുന്നത് തടയും. അപരിചിതരായ ആളുകൾ കുട്ടികളുടെ കണ്ടന്റുകൾ കാണുന്നതിനും ഇനി നിയന്ത്രണം വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




