KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് കേസിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി; നജീബ് കാന്തപുരം ഹർജി പിൻവലിച്ചു

ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ കേരള ഹൈക്കോടതിയിലുള്ള ഹർജിയിൽ വിചാരണ തുടരാം. ഇതോടെ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജി നജീബ് കാന്തപുരം എംഎൽഎ പിന്‍വലിച്ചു.  എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിഎം മുസ്തഫ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടന്നത് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം.

എന്നാല്‍ മാര്‍ഗരേഖാ ലംഘനത്തിന് തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. മാര്‍ഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുസ്തഫയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി യു സിങ്ങും അഭിഭാഷകരായ ഇഎംഎസ് അനാമും എം എസ് വിഷ്ണുശങ്കറും  വാദിച്ചു. 38 വോട്ടിനാണ് കാന്തപുരം ജയിച്ചത്.

Advertisements
Share news