‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’; പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്(ഐ)

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്(ഐ) കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്(ഐ) തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്.

പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് ലഭിക്കുന്നു. മുഖത്തലയിൽ ഡിവൈഎഫ്(ഐ) സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.


ഡിവൈഎഫ്(ഐ) ഫേസ്ബുക്കിൽ കുറിച്ചത്

DYFI തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് മുഖത്തലയിൽ തുടക്കം കുറിച്ചു. ഡിവൈഎഫ്(ഐ) സംസ്ഥാന ട്രഷറർ സ. എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ഉനൈസ് അധ്യക്ഷത വഹിച്ചു.


ജില്ല വൈസ് പ്രസിഡണ്ട് എം.എസ്.ശബരിനാഥ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യെശോധ, ആർ. പ്രസന്നൻ, ജോർജ്ജ് മാത്യു, എ. സുകു, ആർ. സതീഷ് കുമാർ, കെ. അജിത്ത് കുമാർ, വാർഡ് അംഗം സിന്ധു എന്നിവർ പങ്കെടുത്തു. വിശപ്പ് രഹിത തൃക്കോവിൽവട്ടം എന്ന ആശയത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ജെ. എസ്. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.
