എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കം

ബാലുശേരി: പുതിയകാലത്തിന്റെ പോരാട്ടക്കരുത്തുമായി എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ബാലുശേരിയിൽ ഉജ്വല തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ ധീരജ്, അനീഷ് നഗറിൽ (അഞ്ജും ഓഡിറ്റോറിയം) ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ പതാക ഉയർത്തി. മുൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രവും ശാസ്ത്രവും തമസ്കരിച്ച് വിദ്യാഭ്യാസമേഖലയുടെ ഉള്ളടക്കത്തിൽ പിടിമുറുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പി കെ ബിജു പറഞ്ഞു.

മതപരവും ജാതീയവുമായ സംഘർഷങ്ങൾക്ക് രാജ്യം വേദിയാകുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷ സങ്കൽപ്പം ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി എം പി മുഹമ്മദ് സാദിഖ് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് ടി കെ അഖിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി താജുദ്ദീൻ, അശ്വന്ത്ചന്ദ്ര, കെ കൃഷ്ണേന്ദു, കെ സപന്യ, പി പ്രണവ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി കെ വി അനുരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു.

കെ എം സച്ചിൻ ദേവ് എംഎൽഎ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം സെറീന സലാം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാൻവി കെ സത്യൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. വ്യാഴാഴ്‌ച ചർച്ചയ്‌ക്ക് മറുപടി പറയും. ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിനാണ് റാലിയും പൊതുസമ്മേളനവും. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.

