KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹര്‍ത്താല്‍

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

അരിക്കൊമ്പനെ പിടികൂടും വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജനകീയ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ആനയെ പിടിച്ച് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സമരക്കാർ പറഞ്ഞു. മനുഷ്യരുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിന് പകരം മൃഗങ്ങൾക്കാണ് കോടതി പ്രാധാന്യം നൽകിയതെന്ന് സമരക്കാർ ആരോപിച്ചു.

അരിക്കൊമ്പനെ നിരീക്ഷിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ആനയുടെ ശല്യം തുടരുകയാണെങ്കിൽ റേഡിയോ കോളര്‍ ഘടിപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചിന്നക്കനാലിൽ കുങ്കിയാനകളും ദൗത്യ സംഘവും തുടരും. വിദഗ്ദ്ധ സമിതി വഴി ആനയെ പിടികൂടി മാറ്റണമെന്ന ആവശ്യം സർക്കാർ കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് ആരംഭിക്കും. അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരും രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് അഞ്ചംഗ സമിതിയിലുളളത്.

Advertisements

അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കും. അതേസമയം വിഷയത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. അരിക്കൊമ്പനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രണ്ട് ദിവസത്തിനുള്ളിൽ ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതിയുടെ നിർദേശം. ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിദഗ്ധ സംഘം തുടർ നടപടി സ്വീകരിക്കുന്നത്. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാനാകുമെന്ന് പരിശോധിക്കാനും കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചു.

അതേസമയം ഹൈക്കോടതി വിധിയിൽ വനം മന്ത്രി എ. കെ. ശശീന്ദ്രനും ആശങ്ക പ്രകടിപ്പിച്ചു. അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ കഴിയില്ലെന്ന് മന്ത്രി പറ‍ഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിനു മുമ്പ് തന്നെ അരിക്കൊമ്പനെ പിടികൂടാൻ സാധിക്കുമായിരുന്നെന്നും മൂന്നാറിൽ അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും മന്ത്രി പറഞ്ഞു.