മലിന ജലത്തിനെതിരെ കൊതുക് വലക്കുള്ളിൽ കിടന്ന് ആളിക്കത്തിയ പ്രതിഷേധം
കൊതുക് വലക്കുള്ളിൽ കിടന്ന് പ്രതിഷേധം ആളിക്കത്തി. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽനിന്നുണ്ടാകുന്ന കൊതുകുശല്യത്തിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലറും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ടുമായ രജീഷ് വെങ്ങളത്ത് കണ്ടി വ്യത്യസ്ത സമരവുമായി രംഗത്തെത്തി. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു പ്രതിഷേധം.

ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരുമനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി നിരവധി തവണ നഗരസഭാ കൗൺസിലിലും അല്ലാതെയും പ്രശ്നമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രജീഷ് പറഞ്ഞു. ഇതിനാലാണ് ഇത്തരമൊരു സമരത്തിനിറങ്ങിയത്. പൊതു ജനത്തെ അണിനിരത്തി ശക്തമാ യ സമരത്തിന് നേതൃത്വം നൽകുമെന്നും സമരക്കാർ പറഞ്ഞു. കെ.പി.സി.സി. അംഗം പി. രത്നവല്ലി സമരം ഉദ്ഘാടനം ചെയ്തു.
വത്സരാജ് കേളോത്ത് അധ്യക്ഷനായി.

വി. വി. സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ, അഡ്വ. പി.ടി. ഉമേന്ദ്രൻ, മനോജ് പയറ്റു വളപ്പിൽ, എ. അസീസ്, കെ. സുരേഷ് ബാബു, പി.വി. ആലി, സത്യൻ തൈക്കണ്ടി, അരുൺ മണമൽ, എം.കെ. സായൂജ്, അരീക്കൽ ഷീബ, ടി.പി. ശൈലജ, ഉമേഷ് വിയ്യൂർ, കെ.എം. സുമതി, ബാലകൃഷ്ണൻ മറുവട്ടംകണ്ടി, ഉണ്ണി പഞ്ഞാട്ട്, സുരേഷ് ബാബു മണമൽ, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.

