യാത്രക്കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കവർച്ച നടത്തി

കോഴിക്കോട്: യാത്രക്കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കവർച്ച നടത്തി. അതിഥി തൊഴിലാളിയാണ് അക്രമം നടത്തിയത് എന്നാണ് സൂചന. പ്രത്യേക സംഘത്തെ സജ്ജമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നോർത്ത്- ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ തൃശൂർ സ്വദേശി അമ്മിണിയെ ആണ് തള്ളിയിട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവം. അമ്മിണിയിൽ നിന്നും മൊബെെൽ ഫോണും 8000 രൂപയുമാണ് നഷ്ടമായത്. കോഴിക്കോട് നിന്നും ട്രെയിൻ വിട്ട ഉടനെ ശുചിമുറിക്കടുത്തേക്ക് നടക്കുന്നതിനിടെ ഒരാളെത്തി ഉപദ്രവിക്കുകയായിരുന്നു.

ബാഗ് തട്ടിപ്പിറിക്കാൻ ശ്രമിക്കവെ പ്രതിരോധിച്ച ഇവരെ പുറത്തേക്ക് തളളിയിടുകയായിരുന്നു. എന്നാൽ തലാനാരിഴയ്ക്കാണ് അമ്മിണി രക്ഷപ്പെട്ടത്. തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. സംഭവം കണ്ടയുടനെ ട്രെയിനിലെ ഒരാൾ ചങ്ങല വലിച്ച് വണ്ടി നിർത്തി. ആർപിഎഫ് അടക്കമുള്ളവർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. മോഷ്ടാവിനെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തൽ.

