KOYILANDY DIARY.COM

The Perfect News Portal

കുന്നമംഗലത്ത് ടാങ്കർ ലോറിയിൽ നിന്നും നൈട്രജൻ വാതകം ചോർന്നു

കുന്നമംഗലത്ത് ടാങ്കർ ലോറിയിൽ നിന്നും നൈട്രജൻ വാതകം ചോർന്നു. വെയ്‌ബ്രിജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽ നിന്നുമാണ് വാതകം ചോർന്നത്. രാവിലെ ആറരയോടെയാണ് ഐഐഎം ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്നും വെള്ളപ്പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പെട്രോളിങ്ങ് നടത്തുന്ന പൊലീസിന്റെയും ശ്രദ്ധയിൽപെട്ടത്. വാഹനത്തിലെ ജീവനക്കാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം.

വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഫോഴ്സ് സംഘവും ലോറി ജീവനക്കാരും ചേർന്ന് വാൽവ് അടച്ച് ചോർച്ച തടഞ്ഞു. ബെംഗളൂരുവിൽ നിന്നു നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ റീഫിൽ ചെയ്യുന്ന ടാങ്കർ ലോറിയിലെ വാൽവിനാണു ചോർച്ചയുണ്ടായത്.

ടാങ്കറിനകത്തെ മർദം കൂടുമ്പോൾ ഓട്ടോമാറ്റിക് സംവിധാനം വഴി ചെറിയ അളവിൽ പുറത്തുവന്നതാണെന്നാണു ജീവനക്കാർ പറയുന്നത്. ഈർപ്പവും മാറിയ കാലാവസ്ഥയും മൂലം അന്തരീക്ഷത്തിൽ വാതകം തങ്ങി നിൽക്കുന്നതിനാലാണു വലിയ ചോർച്ച ഉണ്ടായ തോന്നൽ ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

Advertisements
Share news