ദേശീയപാതാ വികസനം ; യാഥാർഥ്യമാകുന്നത് കേരളത്തിന്റെ ഇടപെടലിൽ
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിൽ ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനമാണ് കേരളമെന്ന് കഴിഞ്ഞദിവസം ഗഡ്കരി രാജ്യസഭയിൽ പറഞ്ഞതോടെ നുണപ്രചാരണം നടത്തിയ ബിജെപി നേതാക്കൾ വെട്ടിലായി. പദ്ധതിക്കായി കേരളം പണം നൽകിയില്ലെന്ന തരത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമുൾപ്പെടെ നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്നു. ദേശീയപാത 66ന്റെ വീതികൂട്ടലിന് 1190.67 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ഇതുവരെ അനുവദിച്ചത്. ഇതിനുപുറമെ മൂന്ന് ഗ്രീൻഫീൽഡ് അലൈൻമെന്റുകൾക്കു കൂടി പണം അനുവദിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

2014ൽ യുഡിഎഫ് ഭരണകാലത്ത് ഒരു ഘട്ടത്തിൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ ദേശീയപാത 66ന്റെ വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാൽ യാഥാർഥ്യമാകുന്നത്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്. സ്ഥലം ഏറ്റെടുക്കൽ സംസ്ഥാന സർക്കാർ നിർവഹിക്കാം എന്നും പദ്ധതിക്ക് 25 ശതമാനം തുക നൽകാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നൽകി.


കിഫ്ബി വഴി പണം ചെലവഴിക്കാൻ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 2018 സെപ്തംബർ നാലിന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ വസ്തുതകൾ മറച്ചുവച്ച് ദേശീയപാതാ വികസനത്തിന്റെ നേട്ടം ബിജെപിയുടേതെന്ന് കാട്ടാനായിരുന്നു ബിജെപി നേതാക്കളുടെ ശ്രമം. ദേശീയപാതാ വികസനം സംസ്ഥാനത്തിനുള്ള ഔദാര്യമെന്ന മട്ടിലാണ് ബിജെപി പ്രചാരണം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിക്കുന്ന ദേശീയപാതയ്ക്ക് കേന്ദ്രം ടോൾ വരെ ഈടാക്കും എന്നതാണ് വസ്തുത.


