KOYILANDY DIARY.COM

The Perfect News Portal

സിഎസ്‌ഐ ചർച്ചും പട്ടാളപ്പള്ളിയും ദീപാലംകൃതമാക്കുന്ന പദ്ധതി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഉദ്ഘാടനം ചെയ്‌തു

കോഴിക്കോട്: സിഎസ്‌ഐ ചർച്ചും പട്ടാളപ്പള്ളിയും ദീപാലംകൃതമാക്കുന്ന പദ്ധതി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഉദ്ഘാടനം ചെയ്‌തു. പ്രധാന കേന്ദ്രങ്ങളായ കെട്ടിടങ്ങൾ ദീപാലംകൃതമാക്കി നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുക, രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ടൂറിസം വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 4.46 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ് ഇരു ആരാധാനാകേന്ദ്രങ്ങളിലും ഫസാഡ് ലൈറ്റിങ് സംരംഭം ആരംഭിച്ചത്‌. 
സൗന്ദര്യവൽക്കരണം പൂർത്തിയായ തളിക്ഷേത്രത്തിൽ ലൈറ്റിങ്‌ പദ്ധതി നടപ്പാക്കാൻ 91 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി അറിയിച്ചു. പുതുവത്സരത്തെ വരവേൽക്കാൻ  22ന് മാനാഞ്ചിറയെ ദീപാലംകൃതമാക്കും. പട്ടാളപ്പള്ളി, സിഎസ്ഐ ചർച്ച്, കുറ്റിച്ചിറ മിഷ്‌കാൽ പള്ളി, കോഴിക്കോട് ബീച്ചിലെ ലൈറ്റ് ഹൗസ്, കോഴിക്കോട് കോർപറേഷൻ ടൗൺ ഹാൾ, ഓൾഡ് കോർപറേഷൻ ബിൽഡിങ്‌ എന്നിവ ദീപാലംകൃതമാക്കുന്നതിനാണ് ഭരണാനുമതിയുള്ളത്. തളി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നിവയുടെ ഫസാഡ് ലൈറ്റിങ്ങിന് ഭരണാനുമതിയ്ക്കായി കാത്തിരിക്കയാണ്.  
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ്, കൗൺസിലർ പി കെ നാസർ, സിഎസ്‌ഐ കത്തീഡ്രൽ മലബാർ മഹാഇടവക വൈദിക സെക്രട്ടറി റവ. ഫാദർ ജേക്കബ് ഡാനിയൽ, പട്ടാളപ്പള്ളി ജോ. സെക്രട്ടറി എ വി നൗഷാദ്, ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു. കുറ്റിച്ചിറ മിഷ്‌കാൽ പള്ളിയിലെ ഫസാഡ് ലൈറ്റിങ്ങിന്റെ സ്വിച്ച് ഓൺ വെള്ളിയാഴ്ച രാത്രി‌ 7.30ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

 

Share news