22ന് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ചയുടെ ബഹുജന മാര്‍ച്ച്
22 ന് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ചയുടെ ബഹുജന മാര്‍ച്ച്. കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കറുത്ത ബനിയനിട്ട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ച് സി. ഐ ക്കെതിരായി നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഫിബ്രവരി 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നു.

യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗമായ വൈഷ്ണവേഷിന് തലച്ചോറിന് ക്ഷതമേല്പിക്കുന്ന തരത്തിൽ പോലീസ് മർദ്ദിച്ചെന്നും ഇത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണെന്നും, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്ഥിരം കുറ്റവാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും, മജിസ്ട്രേട്ട് ചേംബറില്‍ രണ്ടാം തവണ ഹാജരാക്കുമ്പോള്‍ കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുത്ത് മൊഴി നല്കാന് പറഞ്ഞെന്നും ആരോപണമുണ്ട്.

332 വകുപ്പ് പ്രകാരം പോലീസിനെ ഇടിച്ചു പരിക്കല്പിച്ചു എന്ന കുറ്റവും ചേര്‍ത്ത് ജാമ്യം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും അഡ്വ. ഷിനോജിന്റെ യുക്തിപരമായ ഇടപെടലിലൂടെ വൈഷ്ണവേഷിന് ജാമ്യം ലഭിച്ചു. പോലീസിനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗത്തിനോട് ഇത്ര നീചമായി പെരുമാറിയവര്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ബി.ജെ.പി.നേതാക്കൾ അറിയിച്ചു.

