KOYILANDY DIARY

The Perfect News Portal

രക്തസാക്ഷി പി.വി. സത്യനാഥനെ കെ.കെ. രമ എം.എൽ.എ. അപമാനിച്ചതായി സിപിഐ(എം)

കൊയിലാണ്ടി: രക്തസാക്ഷി പി.വി. സത്യനാഥനെ കെ.കെ. രമ എം.എൽ.എ. അപമാനിച്ചതായി സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി. ഇന്നലെ വൈകീട്ടാണ് ചില സിപിഐഎം വിരുദ്ധരെയുമായി ആവർ പെരുവട്ടൂരിലെ വീട്ടിൽ സന്ദർശനം നടത്തിയത്. രാഷ്ട്രീയ മര്യാദയുടെ പേരിൽ ഇവിടെ ഉണ്ടായിരുന്ന സിപിഐഎം നേതാക്കളും പ്രവർത്തകരും അവരോട് മാന്യമായി പെരുമാറുകയും കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുകയും, മകൻ സലിൽ നാഥിനോട് സംസാരിക്കുകയുമുണ്ടായി. എന്നാൽ തിരികെ പോയ രമ സോഷ്യൽ മീഡിയായിലും മാധ്യമങ്ങൾക്ക് കൊടുത്ത കുറിപ്പിലും കൊല്ലപ്പെട്ട സത്യനാഥനെയും പാർട്ടിയെയും അപമാനിക്കാനാണ് ശ്രമിച്ചതെന്ന് ഏരിയാ സെക്രട്ടറി കുറ്റപ്പെടുത്തി.

മരണ വീട്ടിൽ കയറുക എന്നതിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനായി സിപിഐ(എം)നെയും രക്തസാക്ഷി സഖാവ് പിവി സത്യനാഥനെയും കുടുംബത്തെയും അവഹേളിക്കാനാണ് അവർ ശ്രമിച്ചത്. പ്രതി അഭിലാഷ് മുമ്പ് സിപിഐഎം പ്രവർത്തകനായിരുന്നെന്നും. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ ഭാഗമായി അയാളെ സിപിഐ(എം)ൽ നിന്നും പുറത്താക്കിയ വിവരം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററും കൊയിലാണ്ടിയിലെ ഏരിയാ നേതൃത്വവും മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതാണെന്ന് സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.

 

പ്രതിക്ക് സിപിഐ(എം)മായി യാതൊരു ബന്ധവുമില്ല എന്നിരിക്കെ കൊന്നതും കൊല്ലിച്ചതും സിപിഐഎം ആണെന്നുമുള്ള രമയുടെ സ്റ്റേറ്റ് മെൻറിൽ പാർട്ടിയെയും പാർട്ടി കുടുംബങ്ങളെയും അപകീർത്തിപ്പെടുത്തുകയെന്ന നീചമായ ഉദ്ധേശമാണുള്ളതെന്ന് ചന്ദ്രൻ മാസ്റ്റർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. സന്ദർശനം നടത്തിയതിനുശേഷം രക്തസാക്ഷിയെ അപമാനിച്ച് പോസ്റ്റിടുകയും, പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റ് പിൻവലിച്ച് തടിയൂരുകയുമാണ് എം.എൽഎ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ജനങ്ങളോട് മാപ്പ് പറയാൻ എം.എൽ.എ തയ്യാറാകണമെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.

Advertisements

കൊലപാതകം നടന്ന ഉടനെ നാടിൻ്റെ സമാധാനം കാക്കാൻ ആത്മസംയമനം പാലിക്കാനും കൊലപാതകത്തിൽ സമാധാനപരമായി പ്രതിഷധിക്കാനുമാണ് സിപിഐഎം ആഹ്വാനം ചെയ്തിരുന്നതെന്ന് സെക്രട്ടറി  വ്യക്തമാക്കി.  പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനും കൊലപാതകത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനും സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയും മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. അതിൻ്റെ തുടർച്ചയായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 14 അംഗ അന്വേഷണ സംഘത്തെ വധക്കേസ് അന്വേഷിക്കുന്നതിനായി ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇപ്പോഴും ശക്തമായ പോലീസ് കാവൽ തുടരുകയാണ്.

Advertisements

ഭരണകക്ഷി നേതാവ് കൊല്ലപ്പെട്ടിട്ട് അന്വേഷണത്തിന് സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നില്ല എന്ന രമയുടെ കണ്ടെത്തലും ശുദ്ധ നുണയാണെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. കൊല നടന്ന് പ്രതി കീഴടങ്ങി റിമാണ്ടിലായശേഷം ഞായറാഴ്ച അവധി ദിവസം കഴിഞ്ഞ ഉടനെ പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് ഇറങ്ങിയത്. അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കെ രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കാൻ നടത്തിയ ശ്രമത്തിലും, അക്രമത്തിന് പ്രോത്സാഹനം നൽകാനുള്ള രമയുടെ നീക്കത്തിലും പ്രതിഷേധിക്കുന്നതായും ഏരിയാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.