KOYILANDY DIARY

The Perfect News Portal

കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊയിലാണ്ടി: കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പിഷാരികാവ് ദേവസ്വത്തിന്റെ അനുബന്ധ ക്ഷേത്രമാണ് കൊണ്ടാടുംപടി. പോർക്കലി ഭഗവതിയെ നാന്തകത്തിൽ ആവാഹിച്ച് പന്തലായനി കൊല്ലത്തെത്തിയ വിഷഹാരിയും സംഘവും വിശ്രമിച്ച ഇടമായിട്ടാണ് പഴമക്കാർ കൊണ്ടാടുംപടിയെ കാണുന്നത്.
പിഷാരികാവിൽനിന്നും കൊടിക്കൂറയും മുളയും കൊണ്ടുവന്നാണ് ഉത്സവനാളിൽ ഇവിടെ കൊടിയേറ്റം നടത്താറുള്ളത്. കാവിലേക്കുള്ള ആദ്യ അവകാശവരവുപുറപ്പെടുന്നതും ഇവിടെ നിന്നാണ്. ഈ വരവ് ക്ഷേത്രത്തിലെ മറ്റുവരവുകൾ അവിടെ പ്രവേശിക്കുക പതിവുള്ളൂ. കാളിയാട്ട മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ഭഗവതിയുടെ ഊരുചുറ്റൽ എഴുന്നെള്ളത്ത് ഇവിടെയെത്തി തെയ്യമ്പാടിക്കുറുപ്പും പ്രധാനികളും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ചില ചടങ്ങുകൾ ചെയ്താണ് കാവിലേക്ക് മടങ്ങുന്നത്.
Advertisements
മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി.കേശവമേനോനാണ് പഴയ കൊണ്ടാടുംപടി ക്ഷേത്രത്തിനു തറക്കല്ലിട്ടത്. ഇ.രാജഗോപാലൻനായർ അധ്യക്ഷനും പ്രൊഫ. എ.പദ്മനാഭക്കുറുപ്പ് മുഖ്യ പ്രഭാഷകനും ആയിരുന്നു. പ്രസ്തുത ക്ഷേത്രം കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചപ്പോൾ സ്വർണ്ണ പ്രശ്നവിധിപ്രകാരം പൊളിച്ചുമാറ്റി പരിഹാരക്രിയകൾചെയ്ത് പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠാദിനം കൊണ്ടാടാൻ ക്ഷേത്ര ക്ഷേമപരിപാലനസമിതിക്ക് കഴിഞ്ഞെങ്കിലും ക്ഷേത്ര പരിപാലനം തുടർന്ന് കൊണ്ടുപോവാൻ സമിതിക്ക് പറ്റാത്ത അവസ്ഥയാണുള്ളത്.
ക്ഷേത്രത്തിലെ ദൈനംദിന വിളക്കുതെളിയിക്കലും നിത്യ പൂജാദികർമ്മങ്ങളും മുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇത് ഭക്തരെയെല്ലാം ദുഖിപ്പിക്കുന്നകാര്യമാണ്. ക്ഷേത്ര പരിപാലനം മുടങ്ങാതെ നടത്താൻ പിഷാരികാവ്ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം മുൻനിർത്തി നിവേദനങ്ങൾ പലകുറി നല്കുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും ഇതുവരെയും ഫലപ്രാപ്തിയുണ്ടായില്ല. കാളിയാട്ട് മഹോത്സവത്തിനു മുൻപുതന്നെ കൊണ്ടാടുംപടിക്ഷേത്രം പിഷാരികാവ്ദേവസ്വം ഏറ്റെടുത്ത് അരക്ഷിതാവസ്ഥയിൽനിന്നും രക്ഷിക്കണമെന്ന അഭിപ്രായം ശക്തമാണ്.