KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ ഇനി മുതൽ വനിതാ ഡ്രൈവർമാരും

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ ഇനി മുതൽ വനിതാ ഡ്രൈവർമാരും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാ​ഗമായാണ് നിയമനം. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ ജൂലൈ മാസം മുതൽ വനിതാ ഡ്രൈവർമാർ ജോലിക്ക്‌ കയറുക.

സ്വിഫ്‌റ്റിലെ ഡ്രൈവർ തസ്‌തികയിലേക്ക് 112 പേർ അപേക്ഷിച്ചിരുന്നു. 27 ‌പേർ അന്തിമപട്ടികയിലുണ്ട്‌. ആദ്യം 20 പേർക്ക്‌ നിയമനം നൽകാനാണ്‌ തീരുമാനിച്ചിരുന്നെങ്കിലും സ്‌മാർട്ട്‌ സിറ്റി പ്രോജക്ടിൽ നിന്ന്‌ 113 ‌ബസുകൾ ലഭിച്ചതിനാൽ കൂടുതൽ പേർക്ക്‌ ജോലി നൽകും. തിരുവനന്തപുരം നഗരത്തിൽ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലാണ് ആദ്യ നിയമനം.

രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ്‌ ജോലി. ഹെവി ലൈസൻസുള്ളവർ പത്തു പേരുണ്ട്‌. മറ്റുള്ളവർക്ക്‌ കെഎസ്‌ആർടിസി ഒരുമാസം പരിശീലനം നൽകി ഹെവി ലൈസൻസ്‌ എടുത്ത്‌ നൽകും. സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റാണ്‌ പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്‌. നിയമനം ലഭിക്കുന്നവർ 12 മാസം ജോലിചെയ്യണം.

Advertisements

മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ഇൻസെന്റീവും ലഭിക്കും. പത്താം ക്ലാസാണ്‌ അടിസ്ഥാന യോഗ്യതയായി നിശ്‌ചയിച്ചതെങ്കിലും പട്ടികയിൽ ഉള്ളവരിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്‌.

Share news