KOYILANDY DIARY

The Perfect News Portal

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി.

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ രാവിലെ 10 മണിക്ക് കലോത്സവ ദീപം കൊളുത്തി  മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു.

മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോൽസവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യമെന്നും പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഇത്തരം കലോത്സവ വേദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാനുസൃതമായി കലോൽസവ ചട്ടങ്ങൾ പരിഷ്കരിക്കുമെന്നും ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Advertisements

കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ 14000 മത്സരാർഥികളാണ് മാറ്റുരയ്ക്കുന്നത്.