കൊയിലാണ്ടി മാപ്പിള സ്‌കൂള്‍ കെട്ടിടം ഇനി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ അറിയപ്പെടും
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഇനി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ അറിയപ്പെടും. മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേര് അനുവദിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2018 ൽ കൊയിലാണ്ടി നഗരസഭ കൗണ്‍സിലില്‍ സിഎച്ച് മുഹമ്മദ് കോയയുടെ പേര് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച പ്രമേയം നഗരസഭ ഒറ്റക്കെട്ടായി പാസാക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കെ. ദാസൻ എം.എൽ.എ.യുടെ ഇടപെടലിൻ്റ ഭാഗമായി മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ സ്കൂളിന് അനുവദിച്ച 3.75 കോടി ചിലവഴിച്ചാണ് 21 ക്ലാസ്സ് മുറികളുള്ള മൂന്ന് നില കെട്ടിടം പൂർത്തിയാക്കിയത്.

2019 ഒക്ടോബർ മാസം 25ന് എം.എൽ.എ. കെ. ദാസൻ്റെ അധ്യക്ഷതയിൽ ഫിഷറീസ് & ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുകയും ചെയ്തു. സിഎച്ചിൻ്റെ പേര് അനുവദിക്കാൻ അന്നത്തെ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും കൌൺസിലർ വി.പി. ഇബ്രാഹിംകുട്ടിയും നടത്തിയ ഇടപെടലും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1532 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കില്‍ ഒന്‍പത് ക്ലാസ്സ് മുറികള്‍, ഏഴ് ലാബുകള്‍, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ പ്രവർത്തിക്കുന്നു.
