KOYILANDY DIARY.COM

The Perfect News Portal

നീതി ആയോ​ഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാമത്

ന്യൂഡൽഹി: നീതി ആയോ​ഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നിവ രണ്ടും മൂന്നും സ്ഥാാനങ്ങളും നേടി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ  ത്രിപുര ഒന്നാമതെത്തിയപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹി എറ്റവും അവസാനത്തേക്ക് വീണെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

24 ആരോ​ഗ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന കോമ്പോസിറ്റ് സ്കോറിങ്ങ് രീതി ഉപയോ​ഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോ​ഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നീതി ആയോ​ഗ് ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. നിലവിൽ അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ 2022 ഡിസംബറിൽ പുറത്തു വിടേണ്ട കണക്കുകൾ ഇതുവരെ ഔദ്യോ​ഗികമായി നീതി ആയോ​ഗ് പുറത്തുവിട്ടിട്ടില്ല.

വർഷാവർഷമുള്ള പുരോ​ഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് നീതി ആയോ​ഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങൾ, 8 ചെറിയ സംസ്ഥാനങ്ങൾ, 8 യൂണിയൻ ടെറിട്ടറികൾ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകൾ തീരുമാനിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവ ആദ്യ 3 സ്ഥാനങ്ങൾ നേടി. ഉത്തർപ്രദേശും (18) ബിഹാറുമാണ് (19) അവസാന സ്ഥാനങ്ങളിൽ. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, ​ഗോവ എന്നിവ ആദ്യ സ്ഥാനത്തെത്തിയപ്പോൾ മണിപ്പൂർ അവസാനസ്ഥാനത്തേക്ക് വീണു. യൂണിയൻ ടെറിട്ടറികളിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. ഡൽഹിയാണ് അവസാനം. മുൻ വർഷങ്ങളിൽ വന്ന പട്ടികകളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.

Advertisements

 

Share news