ലോൺ ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വളരെ എളുപ്പത്തിൽ വായ്‌പ കിട്ടാനായി ഉപയോഗിക്കുന്ന ലോൺ ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഗാലറി എന്നിവയുടെ നിയന്ത്രണം അവയ്‌ക്ക് ലഭിക്കുന്നുണ്ടെന്നും പിന്നീട് ഇതുപയോഗിച്ചാണ് ഭീഷണിപ്പെടുത്തുകയെന്നും പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അംഗീകൃതമല്ലാത്ത ഇത്തരം ലോൺ ആപ്പുകൾക്കു പിന്നിൽ പലപ്പോഴും വിദേശികൾ ആയിരിക്കും. കൈക്കലാക്കുന്ന പണം ക്രിപ്റ്റോകറൻസി മുതലായ മാർഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവും ആണ്. അതിനാൽ അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുകയെന്നും പൊലീസ് പറഞ്ഞു. വായ്പ ആവശ്യമുള്ള പക്ഷം സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണമെന്നും ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ പൊലീസിനെ അറിയിക്കാനായി സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടാമെന്നും പൊലീസ് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിൻറെ പൂർണരൂപം
വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവർക്ക് അനുമതി നൽകുന്നു. ഈ കോൺടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നൽകുന്ന ജാമ്യം. കോൺടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു.
വായ്പയായി കിട്ടിയ പണം അവർ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കിൽ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണിൽ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങൾ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അയച്ചു നൽകും. ഇത്തരം ചിത്രങ്ങൾ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒക്കെ അയച്ചു നൽകുന്നു. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.
അംഗീകൃതമല്ലാത്ത ഇത്തരം ലോൺ ആപ്പുകൾക്കു പിന്നിൽ പലപ്പോഴും വിദേശികൾ ആയിരിക്കും. നിങ്ങളിൽ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്റ്റോകറൻസി മുതലായ മാർഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവും ആണ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി.
അവരുടെ പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ചു നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടാവുന്നതാണ്.