KOYILANDY DIARY.COM

The Perfect News Portal

ചൂട് കൂടുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീര്‍ പന്തലുകള്‍

തിരുവനന്തപുരം: ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്‌ടർമാരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം “തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ, മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Share news