KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ട്രെയിൻ കോച്ച് കത്തിച്ച സംഭവം; പശ്ചിമ ബംഗാൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ ട്രെയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന് ഉന്നത അധികാരികൾ വ്യക്തമാക്കി. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്തിയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ സംശയിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തും. വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.

എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടനെ ബോഗി വേർപെടുത്തിയിരുന്നു. സംഭവത്തിന് മുൻപ് അജ്ഞാതൻ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.

Share news