ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി: കുറ്റിപ്പിള്ളിശേരി ശശി (62) യാണ് ഭാര്യ ലളിത(57) യെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലര്‍ച്ചെ 5.30 ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിച്ച് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലളിത മരിച്ചിരുന്നു.

തുടർന്ന് ആറര മണിയോടെയാണ് ഒരാള്‍ ഫോര്‍ട്ടുകൊച്ചി റോ ജങ്കാറില്‍ നിന്ന് ചാടി മരിച്ചതായി പൊലീസിനു വിവരം ലഭിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തിൽ കായലില്‍ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ലളിതയുടെ മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയിലും, ശശിയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലുമാണുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

