റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 90,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. പവന്‍ വില മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11,290 രൂപയും നല്‍കേണ്ടി വരും. ഗ്രാമിന് 105 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസം ഇതുവരെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3320 രൂപയാണ്.

രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ തിങ്കളാഴ്ച ആദ്യമായി സ്വര്‍ണ്ണ വില ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിരക്കിനെ മറികടന്നു. യുഎസ് സ്‌പോട്ട് ഗോള്‍ഡ് 0.7% ഉയര്‍ന്ന് ഔണ്‍സിന് 4,011.18 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.7% ഉയര്‍ന്ന് ഔണ്‍സിന് 4,033.40 ഡോളറിലെത്തി. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

