KOYILANDY DIARY

The Perfect News Portal

കൊമ്മേരി കിരൺ കുമാർ കൊല്ലപ്പെട്ട കേസിൽ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: കൊമ്മേരി കിരൺ കുമാർ കൊല്ലപ്പെട്ട കേസിൽ 5 പേർ അറസ്റ്റിൽ. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തൽ സതീശൻ (41), അമ്മാട്ടുമീത്തൽ സൂരജ് (27), മന്നിങ്ങ് വീട്ടിൽ മനോജ് (52), അമ്മാട്ട് ഉമേഷ് (50), അമ്മാട്ട് ജിനേഷ് (48) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വീട്ടിനടുത്തുള്ള വഴിയിൽ കിടന്ന് അസഭ്യം വിളിച്ചതിനും മുമ്പ് ദോഹോപദ്രവം ഏൽപ്പിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന്‍റെ കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊമ്മേരി അമ്മാട്ടു പറമ്പ് വാസുദേവന്‍റെ മകൻ കിരൺ കുമാറിനെ (45) വീടിന് സമീപത്തെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് കിരൺ കുമാറിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അയൽവാസികളാണ് സംഘം ചേർന്ന് കിരണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

തലയിണ നെഞ്ചിൽ ചേർത്ത് വെച്ച് കിടക്കുകയായിരുന്ന കിരൺകുമാറിനെ അഞ്ചംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാർക്കപ്പണിക്കും മറ്റും ഉപയോഗിക്കുന്ന മാരകായുധമായ ഇരുമ്പിന്‍റെ ആണിപ്പാര ഉപയോഗിച്ച് ഈ സംഘം കിരൺ കുമാറിന്‍റെ നെഞ്ചിലും മറ്റും പല തവണ അടിച്ചിരുന്നു. ഇതിനൊപ്പം ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചിരുന്നു.

Advertisements

മെഡിക്കൽ കോളേജ് എ.സി.പി സുദർശന്‍റെ നിർദേശത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ബെന്നി ലാലു, എസ്.ഐ മാരായ റസ്സൽ രാജ്, ശശിധരൻ, ഗിരിഷ്, റാം മോഹൻ റോയ്, മനോജ് കുമാർ, മോഹൻ ദാസ്, പൊലീസുകാരായ വിനോദ്, ഫൈസൽ, ഹാദിൽ, അർജുൻ, സുമേഷ്, രാഗേഷ്, സന്ദിീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.