എലത്തൂർ ട്രെയിൻ ആക്രമണം; എൻ ഐ എ സംഘം കണ്ണൂരിൽ, അക്രമിയുടെ ഫോണിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു
കണ്ണൂർ: എലത്തൂർ ട്രെയിൻ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എ സംഘം കണ്ണൂരിൽ. ആക്രമണം നടന്ന ട്രെയിൻ ബോഗി സംഘം നേരിട്ട് പരിശോധിക്കും. ആർ പി എഫ് ദക്ഷിണ മേഖലാ ഐജി ഈശ്വർ റാവുവും കണ്ണൂരിലെത്തിയിട്ടുണ്ട്. അതേസമയം, റെയിൽവേ പൊലീസ് ഉത്തർപ്രദേശിലെത്തിയിട്ടുണ്ട്.

വിമാനമാർഗമാണ് കോഴിക്കോട് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പോയത്. പ്രതിയെന്ന് കരുതുന്ന ഷാറൂഖ് സെയ്ഫിയുടെ പശ്ചാത്തലം കണ്ടെത്തുകയാണ് ലക്ഷ്യം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയേക്കും. പ്രതിയെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അക്രമിയുടെ ഫോണിനെ പറ്റിയുള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഫോൺ വെളിയാഴ്ച ഡൽഹിയിൽ വച്ച് സ്വിച്ച് ഓഫ് ആയെന്നാണ് കണ്ടെത്തൽ. ഉച്ചയ്ക്ക് 12.15 ഓടെ സ്വിച്ച് ഓഫായെന്നാണ് വിവരം. ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. എ ഡി ജി പി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ ഡി ജി പി.
