കോഴിക്കോട്: മണിപ്പുരിലെ വംശീയകലാപം അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മണിപ്പുരിൽ കലാപം വ്യാപിക്കുമ്പോഴും ഭരണസംവിധാനം നിസ്സംഗമായിട്ട് മാസങ്ങളായി. അതിക്രൂരമായ ആക്രമണങ്ങളുടെയും വംശീയവെറിയുടെയും ചിത്രങ്ങൾ ഞെട്ടിപ്പിക്കുന്നു.
മണിപ്പുരിലെ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ഒരുമിച്ച് പ്രതിഷേധമുയർത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൂട്ടായ്‌മ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്, കെ എം. നിനു എന്നിവർ സംസാരിച്ചു. ശനിയാഴ്ച മേഖലാ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.
മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റി കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ. ജിഷ ഉദ്‌ഘാടനം ചെയ്തു. കെ പി. ചന്ദ്രിക അധ്യക്ഷയായി. പി ഷിജി, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ. പ്രമീള എന്നിവർ സംസാരിച്ചു.
മണിപ്പുരിലെ കലാപം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡണ്ട് സജീഷ് നാരായണൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി. രാജീവൻ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ ഷാജി, യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, എം ദൈത്യേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
മണിപ്പുരിലെ വംശീയ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ ഇ എൻ ഉദ്ഘാടനം ചെയ്തു. എ കെ രമേശ് അധ്യക്ഷനായി. കെ ടി. കുഞ്ഞിക്കണ്ണൻ, ഡോ. യു ഹേമന്ത് കുമാർ, അഡ്വ. പി എം ആതിര, ഐസക് ഈപ്പൻ, ഡോ. മിനി പ്രസാദ് എന്നിവർ സംസാരിച്ചു. രാജീവ് പെരുമൺപുറ, സാബി തെക്കേപ്പുറം എന്നിവർ കവിത അവതരിപ്പിച്ചു. ടി. സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ നാടകവും അരങ്ങേറി.