KOYILANDY DIARY

The Perfect News Portal

നെൽകൃഷിക്ക് വളപ്രയോഗത്തിന് ഡ്രോൺ പരീക്ഷണം

നെൽകൃഷിക്ക് വളപ്രയോഗത്തിന് ഡ്രോൺ പരീക്ഷണം. വേളം പഞ്ചായത്തിലെ ശാന്തിനഗർ പാടശേഖരത്തിലാണ് വളപ്രയോഗത്തിനായി ഡ്രോൺ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻ്റെയും വേളം കൃഷി ഭവൻ്റെയും നേതൃത്വത്തിലായിരുന്നു ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ തളിച്ചത്.

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ സമ്പൂർണ മൾട്ടി മിക്സ് എന്ന സൂക്ഷ്മ വളക്കൂട്ടാണ് തളിച്ചത്. ഇതിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷിതമായും ഫലപ്രദമായും വളപ്രയോഗം നടത്താനാകും. കർഷകർക്കായി നെല്ല്, വാഴ, പച്ചക്കറി കൃഷി എന്നിവക്കായി ഉപയോഗിക്കാൻ സൂക്ഷ്മ മൂലകങ്ങളുടെ വിതരണവും നടത്തി.

പെരുവയൽ പാടശേഖരത്തിലും ഇതേ രീതിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി. ഡ്രോൺ പറത്തലിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതിൽ നിർവ്വഹിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രം സയൻ്റിസ്റ്റ് ഡോ.മുഹമ്മദ് അസ്ഹറുദ്ധീൻ, ഫാം സുപ്രണ്ട് ഇ.എസ് സുജീഷ്, സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.പവൻ ഗൗഡ എന്നിവർ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗത്തിൻ്റെ സാധ്യതകളെ പറ്റി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി ബാബു, കൃഷി ഓഫീസർ ശ്യാംദാസ്, വാർഡ് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.