KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ ദുരിതയാത്ര

ദേശീയപാതയിൽ ദുരിതയാത്ര: രണ്ടുദിവസമായി ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ പെരുവഴിയിലായത്‌ കണ്ണൂർ–കോഴിക്കോട്‌ റൂട്ടിലെ യാത്രക്കാർ. ഞായറാഴ്‌ച രാത്രിയിലുടനീളം പെയ്‌ത മഴ  റോഡ്‌ ഗതാഗതത്തെ സാരമായി ബാധിച്ചു. ദേശീയപാതയുടെ  പ്രവൃത്തി നടക്കുന്നിടങ്ങളിലാണ്‌ വെള്ളക്കെട്ടിലായത്‌. ഇതേ തുടർന്ന്‌ ഗതാഗതക്കുരുക്കും രൂക്ഷമായി.
ശക്തമായ മഴയിൽ റോഡ്‌ ചളിക്കുളമായതിനാൽ ദേശീയപാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായി. നന്തി മുതൽ മൂരാട് പാലംവരെ കുഴികൾ രൂപപ്പെട്ട് റോഡ് പൂർണമായി തകർന്നു. ഇതുമുലം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്‌.
ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി റോഡിൻ്റെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തിയതിനാൽ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പാത താഴ്ചയിലാണ്. മഴപെയ്തതോടെ റോഡിലെ കുഴികളിൽ മുട്ടോളം വെള്ളമാണ്‌. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പ്രയാസപ്പെട്ടാണ്‌ പോകുന്നത്‌. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ്‌ യാത്രികർ അപകടത്തിൽപ്പെടുന്നു.  എതിരെ വരുന്നതും മറികടന്നുപോകുന്നതുമായ വാഹനങ്ങൾ യാത്രക്കാരെ ചെളിയിൽ കുളിപ്പിക്കുന്നു. യാത്ര ദുഷ്‌കരമായതിനെ തുടർന്ന്‌ മിക്ക സ്വകാര്യബസുകളും സർവീസ്‌ മുടക്കി.കെട്ടിനിൽക്കുന്ന വെള്ളം  ഒഴുക്കിവിടാൻ കരാറുകാരായ വഗഡ് കമ്പനി തയ്യാറായാൽ  മാത്രമേ  ദുരിതത്തിന് പരിഹാരമാവൂ. അധികാരികളുടെ ഭാഗത്തുനിന്ന്‌ അടിയന്തരശ്രദ്ധയും ഇടപെടലും വേണം.