സിപിഐ(എം) നല്ലളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫറോക്ക്: കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം. സിപിഐ(എം) നല്ലളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നാടിന് വെളിച്ചവും വഴികാട്ടിയുമാകുന്ന ഓഫീസും സാംസ്കാരിക കേന്ദ്രവും ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, കൾച്ചറൽ സെന്റർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്ഘാടനംചെയ്തു.

കൾച്ചറൽ സെന്ററിലെ ഹാപ്പിലാൻഡും എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റി വി കെ സി മമ്മത്കോയ അധ്യക്ഷനായി. പാർടി ഓഫീസിൽ കോടിയേരിയുടെ ചിത്രം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് അനാഛാദനംചെയ്തു. ഏരിയാ സെക്രട്ടറി ടി രാധാഗോപി പതാക ഉയർത്തി. കെട്ടിടം രൂപകല്പന നിർവഹിച്ച ആർക്കിടെക്ട് വിനോദ് സിറിയക്ക് ഉൾപ്പെടെയുള്ളവർക്ക് മന്ത്രി ഉപഹാരം നൽകി. റെഡ് വോയ്സ് കലാകേന്ദ്രയുടെ ഗാനമേളയും അരങ്ങേറി.

വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ രണ്ടുകോടി രൂപ ചെലവിട്ടാണ് ആധുനികവും പ്രകൃതിസൗഹൃദവുമായ രീതിയിൽ 16.5 സെന്റിൽ സൗജന്യമായി കൾച്ചറൽ സെന്റർ നിർമിച്ചത്. താഴത്തെ നിലയിൽ ഗ്രന്ഥാലയം, വായനശാല, ഫിറ്റ്നസ് ലാൻഡ്, – മൾട്ടി ജിംനേഷ്യം, ഹാപ്പിലാൻഡ്, പൊതു ശുചിമുറികൾ എന്നിവയാണ്. മുകളിൽ റെഡ് വോയ്സ് കലാകേന്ദ്രം, വിദ്യാർഥികൾക്ക് ഗൈഡൻസ് സെന്റർ, മിനി ഓഡിറ്റോറിയം, ആംഫി തിയറ്റർ തുടങ്ങിയവയുമുണ്ട്.

മേലത്ത് ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റിമാരായ വി മുഹമ്മദ് കുട്ടി, വി നൗഷാദ്, വികെസി ഗ്രൂപ്പ് ഡയറക്ടർമാരായ എം എ പ്രേമരാജ്, കെ സി ചാക്കോ, സുബ്രഹ്മണ്യൻ പടിക്കൽ എന്നിവർ സംസാരിച്ചു. എ സലീം സ്വാഗതവും പി ജയപ്രകാശൻ നന്ദിയും പറഞ്ഞു.
