KOYILANDY DIARY

The Perfect News Portal

കനോലി കനാൽ ശുചീകരണദൗത്യത്തിന്‌ തുടക്കം; മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു

കോഴിക്കോട്: കനോലി കനാൽ ശുചീകരണദൗത്യത്തിന്‌ തുടക്കം. നാടൊന്നാകെ അണിചേർന്ന രണ്ടുനാൾ നീളുന്ന കനോലി കനാൽ ശുചീകരണദൗത്യത്തിന്‌ സരോവരം ബയോപാർക്ക് പരിസരത്ത് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സരോവരം മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാ​ഗം ശുചീകരിച്ചു. ശനിയാഴ്ച എരഞ്ഞിപ്പാലം മുതൽ കുണ്ടൂപ്പറമ്പ് വരെയുള്ള ഭാഗം ശുചീകരിക്കും.
 11.20 കിലോമീറ്ററുള്ള കനാലിനെ എട്ട് ഭാഗങ്ങളാക്കി തിരിച്ചാണ് ശുചീകരണം. ദൗത്യം ഏകോപിപ്പിക്കുന്നതിന് വാർഡ് കൗൺസിലർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജലസേചനവകുപ്പ് ജീവനക്കാർ എന്നിവരെ വിന്യസിച്ചു. എട്ട് സെക്ടറുകളിൽനിന്ന്‌ ശേഖരിച്ച വെള്ളം സിഡബ്ല്യൂആർഡിഎം  പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും.
Advertisements
കോർപറേഷൻ, ജില്ലാ ഭരണകേന്ദ്രം, ജലസേചനവകുപ്പ്, ആരോ​ഗ്യവകുപ്പ്, ഫയർ ആൻഡ് സേഫ്റ്റി, വനംവകുപ്പ് എന്നിവ സംയുക്തമായാണ്‌ ശുചീകരണദൗത്യം പ്രഖ്യാപിച്ചത്‌.  ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധ പ്രവർത്തകർ, കോർപറേഷൻ തൊഴിലുറപ്പ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്‌, സ്ഥിരംസമിതി അംഗങ്ങളായ പി ദിവാകരൻ, സി രേഖ, ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ബാലകൃഷ്ണൻ മണ്ണാറക്കൽ, എക്സിക്യൂട്ടീവ് എൻജിനിയർ ശാലു സുധാകർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഫൈസൽ കെ എന്നിവർ സംസാരിച്ചു.