KOYILANDY DIARY

The Perfect News Portal

പൗരത്വ നിയമം: എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് പ്രതിരോധം ഉയർത്തണം. കോൺഗ്രസ് ഒളിച്ചുകളിക്കുന്നു

വടകര: പൗരത്വ നിയമഭേദഗതിയിൽ കോൺഗ്രസ് ഒളിച്ചുകളിക്കുകയാണെന്ന് കെകെ ശൈലജ ടീച്ചർ. വർഗീയ പ്രീണന സമീപനം മൂലം അവർ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, എൻ.ഐ.എ നിയമഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച കോൺഗ്രസ് 2019-ൽ സി.എ.എക്കെതിരെ നിഷ്‌ക്രിയമായ നിലപാട് സ്വീകരിക്കുകയായിരുന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ശൈലജ ടീച്ചർ പറഞ്ഞു. 
മുത്തലാഖ് നിരോധനനിയമം ഉൾപ്പെടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വർഗീയഫാസിസ്റ്റ് അജണ്ടയിൽനിന്നുള്ള നിയമഭേദഗതികളെ പിന്തുണക്കുകയോ നിഷ്‌ക്രിയ നിലപാട് എടുക്കുകയോ ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. വടകര പാർലമെന്റ് നിയോജകമണ്ഡലം ഉൾപ്പെടെ കഴിഞ്ഞ 10 വർഷക്കാലമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ബി.ജെ.പിയുടെ കോർപ്പറേറ്റ് വർഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പാർലമെന്റിൽ വരുന്ന നിയമ നിർമ്മാണങ്ങളെ എതിർക്കാനും തയ്യാറായിട്ടില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ടീച്ചർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. 
ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ഉറപ്പുകൊടുക്കാൻ എന്തുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തയ്യാറാകാത്തത്. ഇന്നലെ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഖാർഗെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് കാണിക്കുന്നത് സി.എ.എ പ്രശ്‌നത്തിൽ കോൺഗ്രസിന്റെ ഒളിച്ചുകളിയും നിലപാടില്ലായ്മയുമാണെന്ന് ടീച്ചർ കുറ്റപ്പെടുത്തി.
2019 ഡിസംബർ 11-ന് ഈ നിയമം പാസ്സാക്കിയതുമുതൽ കേരളസർക്കാർ നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ യോജിച്ച് നിന്നാണ് നിയമസഭയിൽ പ്രമേയം പാസാക്കിയത്. എന്നാൽ വളരെപെട്ടെന്നുതന്നെ കോൺഗ്രസ് പൗരത്വനിയമഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭങ്ങളിൽനിന്ന് പിൻമാറുകയായിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് നടപ്പാക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താൻ കോൺഗ്രസുകാർ തയ്യാറല്ലെന്നു മാത്രമല്ല ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെപോലെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പാർലമെന്റ് അംഗീകരിച്ച ഒരു നിയമം കേരളത്തിൽമാത്രം നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്ന കുറുന്യായം ഉന്നയിക്കുകയാണ്. 
ഇത്തരം കുറുന്യായങ്ങൾ മോഡി സർക്കാരിന്റെ വർഗ്ഗീയഅജണ്ടയോടൊപ്പം ചേർന്നുള്ള കോൺഗ്രസിന്റെ വഞ്ചനാപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന് ടീച്ചർ പ്രസ്താവനയിൽ പറഞ്ഞു. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് പ്രതിരോധം ഉയർത്തണമെന്ന് ടീച്ചർ അഭ്യർത്ഥിച്ചു.
*കെ.കെ.ശൈലജ*