KOYILANDY DIARY.COM

The Perfect News Portal

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനം വകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കേസില്‍ പ്രതികള്‍ക്ക് കുരുക്കാകുകയാണ് മരങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതല്‍ കുരുക്ക് മുറുകുന്നത്. പിടിച്ചെടുത്തത് മുറിച്ചു മാറ്റിയ മരങ്ങള്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായാണ് വനംമന്ത്രി പറയുന്നത്.

അതേസമയം, മരം മുറിച്ച ഭൂമി പട്ടയഭൂമിയാണോ എന്ന് വ്യക്തമാക്കേണ്ടത് റവന്യൂ വകുപ്പാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. ഭൂവുടമകളുടെ പേരില്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ കത്തുകളാണ് വ്യാജമെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ ഏഴു കത്തുകളും എഴുതിയത് പ്രതി റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് കത്തുകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നത്.

Advertisements
Share news