KOYILANDY DIARY

The Perfect News Portal

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്; ബൃന്ദ കാരാട്ട്‌

തൃശൂർ: ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത്‌ 8,000 കോടിയിലേറെ രൂപയാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കുമെന്നും ടി ആർ ചന്ദ്രദത്ത്‌ സ്‌മൃതി ഉദ്‌ഘാടനം ചെയ്‌ത്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു.

അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ഇലക്‌ടറൽ ബോണ്ടിൽ 50 ശതമാനത്തിൽ അധികം തുകയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ഇതുപയോഗിച്ചാണ്‌ രാജ്യവ്യാപകമായി ജനാധിപത്യ അട്ടിമറി. ലോട്ടറി, ഖനി മേഖലയിലെ വമ്പന്മാരുടെ കള്ളക്കച്ചവടങ്ങളും കൊള്ളയും കേന്ദ്രഏജൻസികളെവിട്ട്‌ കണ്ടെത്തി കേസെടുക്കും. വൈകാതെ ഇവർ ബിജെപിക്ക്‌ വൻ തുക കൈമാറുകയും പിന്നാലെ കേസുകൾ ഒഴിവാക്കുകയുമാണ്‌.

 

രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുകയാണ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി സർക്കാർ. വോട്ടിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നു. ഛത്തീസ്‌ഗഢിലും മണിപ്പുരിലും യുപിയിലും മറ്റും സ്‌ത്രീകൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെ കൊടുംക്രൂരതയാണ്‌ നടക്കുന്നത്‌. ഇതിനെ ശക്തമായി നേരിടാനാണ്‌ ഇന്ത്യയെന്ന വിശാല കൂട്ടായ്‌മയുടെ ആശയം രൂപംകൊണ്ടത്‌. എന്നാൽ, അതിനെ തളർത്തുന്ന സമീപനമാണ്‌ പ്രധാന പ്രതിപക്ഷ പാർടിയിൽനിന്ന്‌ ഉണ്ടാകുന്നത്‌ –-  ബൃന്ദ കാരാട്ട്‌ പറഞ്ഞു.

Advertisements